മലയാള കവികൾ-അമ്മ മലയാളത്തിന്റെ മക്കൾ.

2011 ജനുവരി 9, ഞായറാഴ്‌ച

കോയ്മിക്കവിതകള്‍

ഉച്ചവെയില്‍ മാറി ചാറ്റമഴ പെയ്യുന്ന ഒരു വൈകുന്നേരം, വായിച്ചു രസിച്ചു ദിവാസ്വപ്നം കണ്ടിരിക്കാന്‍ തോന്നിപ്പിക്കുന്ന കവിതകള്‍ ഇപ്പോഴും എഴുതപ്പെടുന്നുണ്ട്.  ആരവങ്ങളും, ആഘോഷങ്ങളുമില്ലാതെ അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെങ്കിലും!

അത്തരത്തിലൊന്ന് ഇതാ ഇവിടെ - കോയ്മിക്കവിതകള്‍ (http://koymikkavithakal.blogspot.com/)

2010 ജനുവരി 31, ഞായറാഴ്‌ച

പയ്യൻ Computer Engineering നു പഠിക്കുന്നു. മനസ്സു ആകാശത്തിനുമപ്പുറത്തേക്കും പോകുന്നു

കവിത വായിച്ചു രോമാഞ്ചം കൊള്ളുക എന്നൊക്കെ പറഞ്ഞാൽ അതിതാൺ..

കൂടുതൽ എന്തു പറയാൻ. പയ്യൻ Computer Engineering നു പഠിക്കുന്നു. മനസ്സു ആകാശത്തിനുമപ്പുറത്തേക്കും പോകുന്നു.
 
http://bloodymarywithicecubes.blogspot.com/

Note: അവനുമാത്രമറിയാവുന്ന കാരണങ്ങളാൽ, മാർച്ച്‌ മാസം (2010) അവൻ ഈ Blog delete ചെയ്തു!!...

ഡ്രാക്കുള

നീ
പനിച്ചൂട് പകരുന്നത് പോല്‍
പറ്റിപ്പിടിക്കും പോല്‍
മൂടല്‍ മഞ്ഞാകും പോല്‍
അസ്വസ്ഥനാകും പോല്‍
ഇടയ്ക്കിടയ്ക്ക്
മരിച്ചു പോകും പോല്‍
പകരുമോ നിന്റെ സുന്ദരന്‍ രോഗാണു


അത്രയും സ്വകാര്യമായി
മൃദുലമായി
ആദ്യം
പിന്‍കഴുത്തില്‍
ഉമ്മകള്‍ കൊണ്ടൊരു
ചുവപ്പന്‍ പരവതാനി
വിരിച്ചു
വേദനിപ്പിക്കാതെ
പല്ലുകള്‍ ആഴ്ത്തി
ക്ഷണിക്കുമോ
നീയെന്നെ കൊച്ചു സന്തോഷങ്ങളുടെ
താഴ്വരയിലേക്ക് ..

പകരം
പ്രഭുവേ
നിനക്കാണ് എന്റെ ആത്മാവും രക്തവും
ബലിയര്‍പ്പിച്ചത്
എന്ന് തുടങ്ങുന്ന പാട്ട്
മതി വരുവോളം
പാടിത്തരാം .


ഇവിടെ
ട്രാഫിക്‌ ബ്ലോക്കുകളില്‍
കുതിരവണ്ടിയില്‍ അതിക്രമിച്ചു കയറി
നൂറ്റാണ്ടുകള്‍ പഴകിയ
ഏകാന്തത
എന്ന് പേരുള്ള ഒരു
പടിഞ്ഞാറന്‍ പാട്ടുകാരി
"ഇപ്പോഴും തനിച്ച് ആണല്ലേ"
എന്ന് ചോദിച്ചു
ഇപ്പോഴും മുറിവ് ഏല്‍പ്പിക്കാറുണ്ടോ?

അതുകൊണ്ടാണോ
മൂടല്‍ മഞ്ഞായും
ഈച്ചയായും
എന്നെ പിന്തുടരുന്നത് ?

നീ
പട്ടണത്തില്‍ കാലുകുത്തിയത്
ഞാന്‍ അറിഞ്ഞു .,
അവള്‍ അറിഞ്ഞു .
മരങ്ങള്‍ക്കിടയിലൂടെ
ഡോര്‍ ഗ്ലാസ്സുകല്‍ക്കിടയിലൂടെ
ഞങ്ങള്‍ ഒളിഞ്ഞു നോക്കി.
ലോകം മുഴുവന്‍ നിന്നെത്തന്നെ
ഒളിഞ്ഞു നോക്കിയെന്നു
ഞാന്‍ ആഗ്രഹിക്കുന്നു .


ബാറുകളില്‍
മുറിച്ചുണ്ടുകളില്‍ നിന്ന്
ചോര്‍ന്നു പോയ
ഉമ്മകളെ പെറുക്കിയെടുത്ത്
കുറഞ്ഞ വിലക്ക് വില്കുന്നവരേ,
വിഷമിക്കേണ്ട
പ്രഭു ഉണരുന്നതിനു മുന്‍പ്
കല്ലറക്ക് മുകളില്‍
വസന്തം എന്ന്
ഇരട്ട പേരുള്ളവന്‍
വച്ചിട്ട് പോയ പൂക്കള്‍
എടുത്തു കൊള്ളൂ.,
കൂടിയ വിലക്ക്
വിട്ടു കൊള്ളൂ .


പുഴയില്‍ മുങ്ങി മരിക്കാന്‍ പോകുന്ന
വെപ്രാളത്തിനിടയില്‍
ചതുപ്പിലേക്ക്
പിടിച്ചു കയറി
പകുതിയോളം
താഴ്ന്നു പോയ
ഒരുത്തനുണ്ട് .
ആകാശത്തിനോട്
"ഈ വിരലൊന്നു പിടിച്ചു
എന്നെ രക്ഷിക്കൂ "
എന്നും പറഞ്ഞു കൈകള്‍
ഉയര്‍ത്തി നില്‍പ്പാണ് .

തീര്ച്ചയായും അവന്റെ
തണലില്‍ ഇരുന്നു
നമുക്ക് കവിതകള്‍ വായിക്കണം
ആഹ്ലാദ മൂര്‍ച്ചയില്‍
പുഞ്ചിരിക്കണം
എന്നിട്ട്
ആകാശം
പറഞ്ഞു വിട്ടതാണ് എന്ന്
നുണ പറഞ്ഞു
അവന്റെ കൈകളില്‍ വന്നിരുന്നു
അവനെയും കൊണ്ട്
താഴ്‌വരയിലേക്ക്‌ പറക്കണം


ഇടതുനെഞ്ചിന്‍ മുറിവിലെ
രക്തം രുചിപ്പിച്ചു
അവനെ നിന്റെതാക്കിയ പോലെ
എല്ലാവരെയും നമുക്ക് സ്നേഹിക്കണം
കൂടെ കൂട്ടണം

വേണം നമുക്ക്
പ്രേമത്തില്‍ നിറഞ്ഞു തുളുംപുന്നവരുടെ
ഭൂമി .

അവിടെ വിസ്മ്രുതരായ്
നാം

നിന്റെ ദേഹത്തിന്റെ അരികുകളില്‍
വരച്ചുണ്ടാക്കിയ
ചലിക്കുന്ന
മുന്തിരി വള്ളികളെയും
മേഘത്തുണ്ടുകളെയും
പുള്ളിമാനുകളെയും
തൊട്ടു തലോടി
"എത്ര മനോഹരം" എന്ന്
പറഞ്ഞു കൊണ്ടിരിക്കണം
എനിക്ക്.

2009 നവംബർ 14, ശനിയാഴ്‌ച

സിനു കക്കട്ടിലിന്റെ കവിതകൾ

കവിതക്കു ആധുനികതയും, പുരാതനവും എന്ന വേർതിരിവുകളുണ്ടായാലും, ഒരു നല്ല കവി എഴുതുമ്പോൾ അതൊന്നും കടന്നു വരില്ല എന്ന സത്യം അടിവരയിട്ടുറപ്പിക്കുന്നു സിനു കക്കട്ടിലിന്റെ കവിതകൾ. സംശയമുണ്ടെങ്കിൽ, "മരിച്ചവരുടെ ജീവനുള്ള മണം" എന്ന കവിതയും "റിയാലിറ്റി" എന്ന കവിതയും ഒന്നു വായിച്ചു നോക്കു.

http://neeharammala.blogspot.com/

"ഒരിക്കലും
എഴുതാനാവതെ
കവിതയെ പേറുന്നവരിലാവണം
ഏറ്റം ശ്വാസം മുട്ടിയുള്ള ജീവിതമുണ്ടാവുക
ഏറ്റം നല്ല കവികളും..."



സിനുവിന്റെ blog പരിചയപ്പെടുത്തിയ സനാതനനു നന്ദി.

2009 നവംബർ 12, വ്യാഴാഴ്‌ച

വിനയ ചൈതന്യയുടെ കവിത

വിനയ ചൈതന്യ എന്നു വിളിക്കപ്പെടുന്ന എന്റെ പ്രീയപ്പെട്ട വിനയണ്ണന്റെ കവിതയുടെ മലയാള വിവർത്തനം.(ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം തന്നെ തർജ്ജമ ചെയ്ത്‌ അയച്ചു തന്നത്‌)

വിനയ ചൈതന്യയെക്കുറിച്ച്‌ ഒരു വാക്ക്‌ - ഗുരു നിത്യയുടെ സുഹ്രുത്തും, സഹകാരിയും. ഇപ്പോൾ ദേശങ്ങളിൽ പറന്നു നടക്കുന്ന ഒരു പക്ഷി! Songs for Śiva: vacanas of Akka Mahādēvi എന്ന പ്രസിദ്ധ ക്രതി ഉൾപെടെ അനേകം സൃഷ്ടികൾ. ഈ കഴിഞ്ഞ ആറുമാസത്തുള്ളിൽ ഇറങ്ങിയ ഒരു മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിൽ വിനയ ചൈതന്യയുടെ വർത്തമാനം ഉണ്ടായിരുന്നു. വിനയണ്ണൻ, അടുത്ത കാലത്തു തുടങ്ങിയ blog ഇവിടെ http://unitiveunderstanding.wordpress.com/

-------------------------------------------------------------------------------------

കറുത്ത വാവിന്‍ നാള്‍-
നാവു നീട്ടുന്ന പൈതൃകക്കൊതികള്‍,
അര്‍പ്പിക്കേണ്ട കാഴ്ചകള്‍, ബലികള്‍,
ഒഴിച്ചു നിറക്കേണ്ട പാത്രങ്ങളുടെ ദാഹം,
ചവച്ചു തുപ്പേണ്ട പിശറുകള്‍;
വേണ്ട, എനിക്കാവില്ല,
ഞാനിവിടത്തേതല്ല,
അവസരത്തിന് ഉയരാത്തവന്‍,
പുറപ്പെട്ടു പോയവന്‍;
കര്‍ത്താക്കള്‍ വേറെയുണ്ടല്ലോ,
ബോധമുള്ളവര്‍,
നിങ്ങളുടെ ജനിതകസ്മൃതികളുടെ
പടുകുഴികള്‍ നിറക്കാന്‍
നിയുക്തരായവര്‍‍;
മഗ്ദലീനയുടെ മകന്‍
ഇന്ന് എന്റെ
താടിരോമങ്ങള്‍ വലിച്ച്
ശൃതി മീട്ടുമ്പോള്‍
ഞാന്‍ എന്റെയും മുത്തച്ഛന്‍.

2009 നവംബർ 10, ചൊവ്വാഴ്ച

നഷ്ടപ്പെട്ടു പോയ ഹരിയിടം - ഹരി ശങ്കരന്‍ കര്‍ത്താവ്

ഹരിയിടം വായിക്കാൻ ഇവിടെ വരുക.

ഞാൻ ഹരിയിടത്തെക്കുറിച്ച്‌ ആദ്യം കേട്ടത്‌ ജയക്രഷ്ണൻ കാവാലത്തിന്റെ "വായനശാല" എന്ന Blog ൽ നിന്നാണ്‌. ഇവിടെ നോക്കുക http://blogkazhchakal.blogspot.com/

വളരെ ആവേശത്തോടെയാണ്‌ അന്ന് ഹരിശങ്കരൻ കർത്താവേന്ന ഇരുപതു വയസ്സുകാരൻ കവിയെപ്പറ്റി വായിച്ചതു. എനിക്കു ശരിക്കും അവിശ്വസനീയത തോന്നിക്കും വിധം സുന്ദരമായി തോന്നി ഹരിയുടെ കവിതകൾ. ഇന്ന് ഈ Blogൽ ചേർക്കാൻ വേണ്ടി നോക്കുമ്പോൾ ആ Blog തന്നെയില്ല..

വല്ലാത്ത വേദന തോന്നി..പിന്നെ Google ന്റെ cacheൽ കിടന്ന ഒരു പഴയ കവിത കിട്ടി. അതും ഇല്ലാതാവുന്നതിനു മുൻപ്‌ ഇവിടെ ഇടുന്നു.

ഹരിശങ്കരാ, നീ ഇതെവിടെയിരുന്നെങ്കിലും വായിക്കുന്നുണ്ടെങ്കിൽ ദയവായി ആ Blog തിരിച്ചു കൊണ്ടു വരണം...കാവ്യ ദേവത നിറഞ്ഞനുഗ്രഹിച്ച നീ അമ്മ മലയാളത്തിനു നഷ്ടപ്പെട്ടു പോയ പ്രതിഭാശാലിയായ മകനാവല്ലേ..

05 May 2010 - ഇന്ന് ഹരി ശങ്കരന്‍ കര്‍ത്തായുടെ മറ്റൊരു കവിത ബ്ലോഗ്‌ കണ്ടു. ഇവിടെ